Saturday, 21 November 2009

അത്രക്കു വേണാരുന്നോ?!


രാവിലെ വായിച്ചു കുറേ ചിരിച്ചു. അപ്പോ പിന്നെ നിങ്ങളുമായി പങ്കു വെക്കാം എന്നു കരുതി. ചന്ദ്രയാന്‍ വെള്ളം കണ്ടെത്തും എന്നു മുന്‍‌‌കൂട്ടി കണ്ടതു കൊണ്ടാണത്രെ ഒ എന്‍ വി “അമ്പിളിയമ്മാവാ” എഴുതിയത്. എന്നാലും എന്റെ മന്ത്രീ.. താങ്കള്‍ സീരിയസ് ആയി പറഞ്ഞതു തന്നെയാണോ? ഒ എന്‍ വി പോലും ഞെട്ടിക്കാണും! (ദിലീപ് സ്റ്റൈലില്‍ “എപ്പ?” എന്നു ചോദിച്ചു കാണും!) ഈ റെയ്ഞ്ച് ഗുണ്ടുകള്‍ ഇനിയും എടുക്കാനുണ്ടോ? :) ഇതു ചില മത ശാസ്ത്രജ്ഞന്മാര്‍ അവരുടെ കിത്താബിലെ ശാസ്ത്ര സത്യങ്ങള്‍ വിവരിക്കുന്ന പോലെയായിപ്പോയി!

ഏതായാലും ബാക്കി പോയിന്റ്സ് ഒക്കെ സമ്മതിച്ചു ട്ടോ.. ഇളയ രാജേട്ടാ.. താങ്കളെ ഒരു മൂത്ത രാജേട്ടനായിട്ടാണ് ഞങ്ങള്‍ കണ്ടത്. ഒ എന്‍ വി സാറിനെ അത്രക്ക് അങ്ങ് പബ്ലിക്കായിട്ട് കൊച്ചാക്കേണ്ടായിരുന്നു. വരികള്‍ മാറ്റണമായിരുന്നെങ്കില്‍ റെക്കോര്‍ഡിംഗ് സമയത്തു തന്നെ പറഞ്ഞൂടായിരുന്നോ? ഒരു ടീം വര്‍ക്ക് ഒക്കെ വേണ്ടേ!

Tuesday, 17 November 2009

എന്തു പറയാന്‍!

ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന വാര്‍ത്തയാണ്. പ്രത്യേകിച്ച് ആര്‍ക്കെതിരെയും ഒരു ആരോപണം ഉന്നയിക്കാനല്ല. ഇതു വായിച്ചപ്പോള്‍ മനസ്സിന് എന്തോ ഒരു കനം. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് എന്റെ മകന്‍ ആദ്യമായി കമിഴ്ന്നു കിടന്നത്. തല പതുക്കെ ഉയര്‍ത്തി എന്നെ നോക്കി ചിരിക്കുമായിരുന്നു. എന്തോ വലിയ ഒരു കാര്യം സാധിച്ച പോലെ.

വാറ്റുകേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ബലമായി മോചിപ്പിക്കാന്‍ എക്സൈസ് ഓഫീസ് വളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. അതിന്റെ പേരിലാണത്രെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്! കൊള്ളാം; നല്ല കാരണം. നിയമം ലംഘിച്ച ഒരാളെ നിയമം ലംഘിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചതിനിടയില്‍ അടി നടന്നതിന് മറ്റൊരു നിയമ ലംഘനം!

ജീവിതമെന്തെന്ന് അറിയുന്നതിനു മുമ്പേ മരണം പൂകിയ ആ കുഞ്ഞിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ഒരിറ്റു കണ്ണുനീര്‍..

Friday, 23 October 2009

ശ്രീശാന്ത്.. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..

മതിയായി.. ഒരു കളിക്കാരനെക്കൊണ്ട് കേള്‍ക്കാവുന്നതിനപ്പുറം നീ കേള്‍പ്പിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ മറ്റൊരു കായികതാരത്തിനും ലഭിക്കാത്ത സ്നേഹവും അംഗീകാരവും തന്നവരാണ് ഞങ്ങള്‍ . ഇവിടുത്തെ മാധ്യമങ്ങള്‍ നിന്നെ വാനോളം വാഴ്ത്തി. കളിക്കളത്തിലെ മോശം പെരുമാറ്റം ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ടീമിലെ സീനിയര്‍ താരങ്ങള്‍ പോലും കാണിക്കാത്ത അഹന്തയും ധിക്കാരവും നീ കാണിച്ചപ്പോഴും നിന്നെ ഞങ്ങള്‍ വെറുത്തില്ല. ഐ പി എല്ലില്‍ തല്ലു വാങ്ങിക്കൂട്ടിയപ്പോള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടാണെന്നറിഞ്ഞിട്ടും നിനക്കു വേണ്ടി ഞങ്ങള്‍ വാദിച്ചു. കളിക്കളത്തില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും നീ ലംഘിച്ചപ്പോഴും, നിനക്കു വേണ്ടി ഈ മലയാളികള്‍ കൂടെ ഉണ്ടായിരുന്നു. നിന്നോടുള്ള സ്നേഹം കൊണ്ട്.. നിന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട്.

നീ ഒന്നും അര്‍ഹിക്കുന്നില്ല. ബി സി സി ഐ പോലും അര്‍ഹതയില്‍ കവിഞ്ഞ് നിനക്ക് അവസരം തന്നെന്ന് ഞങ്ങള്‍ കരുതുന്നു. അവരുടെ അവസാന ശാസന നില നില്‍ക്കുമ്പോഴും നീ എന്താണ് കാണിക്കുന്നത്? നിന്റെ വളര്‍ച്ചയ്ക്ക് നിദാനമായ കേരള ക്രിക്കറ്റ് അസോസിയേഷനെ തന്നെ നീ തിരിഞ്ഞു കൊത്തിയില്ലേ? ഇത്ര ചെറു പ്രായത്തില്‍ തന്നെ നിന്നെ ക്യാപ്റ്റന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ അവര്‍ നിന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം നീ കണക്കിലെടുത്തോ? തെമ്മാടിത്തരമാണ് ശ്രീ.. ഒരു ടീമിന്റെ, ഒരു സംസ്ഥാനത്തിലെ മൊത്തം ക്രിക്കറ്റ് പ്രേമികളുടെയും ആത്മവിശ്വാസമാണ് നീ ചോര്‍ത്തിക്കളയുന്നത്.. ഒരു ക്യാമ്പില്‍ എല്ലാവരെയും നയിക്കേണ്ട നീ കോളേജു്കളില്‍ ആടിപ്പാടി, കല്യാണങ്ങളില്‍ പങ്കെടുത്തു നടക്കുന്നു. കൊള്ളാം! ഉണ്ട ചോറിനു നന്ദി എന്നൊരു സാധനമുണ്ട്. കേട്ടിട്ടുണ്ടോ ആവോ?

നിന്നില്‍ ഇനിയൊരു പ്രതീക്ഷയും അര്‍പ്പിക്കുന്നില്ല. നിനക്കതിനുള്ള അര്‍ഹതയില്ല. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..

Saturday, 11 July 2009

വീണ്ടും ലാന്‍സ്..


ലാന്‍സ് ആം‌സ്ട്രോംഗ് പലര്‍ക്കും ഒരത്ഭുതമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസം. ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ഒരു കാലഘട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. കടുത്ത പാര്‍ശ്വഫലങ്ങളുള്ള കീമോ തെറാപ്പിയിലൂടെ മരണത്തെ അതിജീവിച്ച് അദ്ദേഹം തന്റെ തട്ടകമായ സൈക്ലിംഗില്‍ തിരിച്ചെത്തി. എന്നു മാത്രമല്ല; സൈക്ലിംഗ് രംഗത്തെ ഏറ്റവും പ്രശസ്തമായ റേസ് ആയി കരുതപ്പെടുന്ന ടൂര്‍ ഡെ ഫ്രാന്‍സ് ഏഴു വട്ടം തുടര്‍ച്ചയായി ജയിച്ചു കൊണ്ട് ലോക റെക്കാര്‍ഡും സ്ഥാപിച്ചു.

1971 ല്‍ അമേരിക്കയിലെ ഓക്ക് ക്ലിഫിലാണ് ലാന്‍സിന്റെ ജനനം. ഒരു ട്രയാത്‌ലെറ്റ് ആയാണ് ലാന്‍സ് കരിയര്‍ ആരംഭിക്കുന്നത്. 13ആം വയസ്സില്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളില്‍ കിരീടം ചൂടി ജനശ്രദ്ധ പിടിച്ചു പറ്റിയ ലാന്‍സ് അധികം കാലതാമസമില്ലാതെ അണ്ടര്‍ 19 റാങ്കിംഗില്‍ ഒന്നാമതെത്തി. 1991 ല്‍ യു.എസ്. അമച്വര്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് സൈക്ലിംഗില്‍ അദ്ദേഹം തന്റെ ഭാവി തിരിച്ചറിഞ്ഞത്. അധികം താമസിയാതെ 1993 ല്‍ തന്നെ ലോക ഒന്നാം നമ്പര്‍ താരമായി അദ്ദേഹം വളര്‍ന്നു. പിന്നീടങ്ങോട്ട് വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയ ലാന്‍സിന്റെ വിജയക്കുതിപ്പ് അവിശ്വസനീയമായിരുന്നു.

1996 ല്‍തന്റെ കരിയറിലും ജീവിതത്തില്‍ തന്നെയും ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയ ക്യാന്‍സര്‍ രോഗം അദ്ദേഹത്തെ പിടികൂടി. ക്യാന്‍സറുണ്ടെന്ന് മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. മരിച്ചു പോകുമോ എന്നതിനേക്കാള്‍ സൈക്ലിംഗ് ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം. പിന്നീടങ്ങോട്ട് യാതനകള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു. ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ ഏറ്റവും ഒടുവിലെ സ്റ്റേജിലെത്തിയ അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വെറും 3% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. ശ്വാസകോശത്തെയും പിന്നീട് തലച്ചോറിനെയും ബാധിച്ച ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റുക എന്നതു തന്നെ ആ ഡോക്ടര്‍മാര്‍ക്ക് സങ്കല്‍പ്പിക്കുവാനാവുമായിരുന്നില്ല. ലാന്‍സ് അതു കൊണ്ടൊന്നും തളര്‍ന്നില്ല. മനസാന്നിദ്ധ്യം കൈവിടാതെ രോഗത്തെ പൊരുതി തോല്‍പ്പിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. കടുത്ത കീമോതെറാപ്പിയുടെയും ശസ്ത്രക്രിയകളുടെയും ദിവസങ്ങളായിരുന്നു പിന്നീട്. ആരോഗ്യം അപകടകരമാം വിധം ക്ഷയിച്ചു. തലമുടി മുഴുവന്‍ കൊഴിഞ്ഞു പോയി. മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്കൊടുവില്‍ ലാന്‍സ് തന്നെ ജയിച്ചു.

ക്യാന്‍സര്‍ പൂര്‍ണ്ണമായും വിട്ടുമാറിയെങ്കിലും വീണ്ടുമൊരു സൈക്ലിംഗ് കരിയറിനെ പറ്റി ലാന്‍സിന് ചിന്തിക്കാനാവുമായിരുന്നില്ല. ക്യാന്‍സര്‍ ചികിത്സ അദ്ദേഹത്തെ അത്രയ്ക്കും അവശനാക്കിയിരുന്നു. എന്നാല്‍ പഴയ സഹപ്രവര്‍ത്തകരുടെയും, കോച്ചിന്റെയും സഹായത്തോടെ ലാന്‍സ് പ്രൊഫെഷണല്‍ സൈക്ലിംഗിലേക്ക് 1998 ല്‍ തി‍രിച്ചു വന്നു. സൈക്ലിംഗില്‍ യൂറോപ്യന്‍ ആധിപത്യമുള്ള സമയമായിരുന്നു അത്. അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ് ടീമിനു വേണ്ടി മത്സരിച്ച ലാന്‍സിനെയും കൂട്ടരെയും ആരും ആദ്യം ഗൌനിച്ചതു പോലുമില്ല. എന്നാല്‍ 1999 ല്‍ തന്നെ പ്രശസ്തമായ ടൂര്‍ ഡെ ഫ്രാന്‍സില്‍ ലാന്‍സിന്റെ നേതൃത്വത്തില്‍ യു.എസ് പോസ്റ്റല്‍ കിരീടം ചൂടി. സൈക്ലിംഗ് ലോകം ഒന്നടങ്കം എഴുതിത്തള്ളിയ ലാന്‍സിന്റെ തിരിച്ചു വരവ് എല്ലാവരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്നു വരെ ആരോപണം വന്നു. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് വീണ്ടും 6 ടൂര്‍ ഡെ ഫ്രാന്‍സ് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ട് അദ്ദേഹം ലോക റെക്കാര്‍ഡ് സ്ഥാപിച്ചു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു ക്യാന്‍സര്‍ ഫൌണ്ടേഷന്‍ (ലാന്‍സ് ആംസ്ട്രോംഗ് ഫൌണ്ടേഷന്‍) സ്ഥാപിക്കുകയും, അമേരിക്കയിലെമ്പാടുമുള്ള ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ധനവും മറ്റു ചികിത്സാ സൌകര്യങ്ങളും സംഘടിപ്പിക്കുന്നതില്‍ താല്പര്യം കാണിക്കുകയും ചെയ്തു എന്നുള്ളതാണ്.

2005 ല്‍ ടൂര്‍ ഡെ ഫ്രാന്‍സിനോട് വിട പറഞ്ഞ ലാന്‍സ് പിന്നീട് പല മത്സരങ്ങളിലും പങ്കെടുത്ത് കിരീടങ്ങള്‍ നേടിയെങ്കിലും, സൈക്ലിംഗ് രംഗത്ത് ഒരു സജീവ സാന്നിദ്ധ്യമായില്ല. അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്ന് പലരു കരുതിയെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടൂര്‍ ഡെ ഫ്രാന്‍സില്‍ അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നു. മാത്രമല്ല; 9 സ്റ്റേജ് കഴിഞ്ഞപ്പോള്‍ അദ്ദേഹം മൂന്നാം സ്ഥാനത്ത് തുടരുകയുമാണ്. ഒന്നാം സ്ഥാനത്തുള്ള റിനാള്‍ഡോയേക്കാള്‍ വെറും 8 സെക്കന്റിന്റെ വ്യത്യാസത്തില്‍‌ ! ഇത്തവണ കസാക്കിസ്താന്‍ ആസ്ഥാനമായുള്ളാ യു.സി.ഐ. പ്രോ ടീം ആസ്റ്റാനയ്ക്കു വേണ്ടിയാണ് അദ്ദേഹം രംഗത്തുള്ളത്. 19 സ്റ്റേജും 4000 ത്തോളം കിലോമീറ്ററും മറികടക്കേണ്ട ടൂര്‍ അവസാനിക്കുമ്പോഴേക്കും ഒരിക്കലും തളരാത്ത മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ലാന്‍സ് കിരീടം ചൂടുമെന്ന് പ്രതീക്ഷിക്കാം..

Thursday, 9 April 2009

കുമാര സംഭവങ്ങള്‍

ലണ്ടനിലെ ബിഗ് ബെന്‍ മണി. ഒരായിരം റാത്തല്‍ ഭാരം കാണും. അവന്‍ കിടന്നങ്ങനെ ആടുകയാണ്. ണീം... ണീം.. ണീം.. ആട്ടത്തിന്റെ ഓസിലേഷനും വെലോസിറ്റിയും ഡാംപിംഗും ധ്രുതഗതിയില്‍ കാല്‍ക്കുലേറ്റ് ചെയ്ത് സിമ്പിള്‍ ഹാര്‍മോണിക് മോഷന്‍ വരച്ച വാല്‍ട്യൂബ് രാജകുമാരന്റെ(1) നെഞ്ചില്‍ ഒരു ഇടിമിന്നല്‍. സംഗതി കൂടും കിടക്കേം പറിച്ചെടുത്ത് തന്റെ തിരു മൂര്‍ദ്ധാവില്‍ ലാന്റ് ചെയ്യാന്‍ വലിയ താമസമില്ല എന്ന് മനസിലായതും "യെന്റമ്മച്ച്യേ" എന്ന നിലവിളിയോടെ സപ്രമഞ്ചക്കട്ടിലില്‍ ചാടിയെണീറ്റിരുന്നു. ഒരു വേപഥു. രാജ രക്തമാണ്. സ്വപ്നത്തിലായാലും "എന്റെ മാതാശ്രീ" എന്നായിരുന്നു പുലമ്പേണ്ടിയിരുന്നത്.. കലികാലമെന്നല്ലാതെ....

കണ്ണില്‍ ഇരുട്ടു മാറി, എട്ടു മണിയുടെ വെളിച്ചം നിറഞ്ഞു. ചെവിയില്‍ മൂളല്‍ മാറി, ണീം ണീം നാദത്തിന്റെ ചെറിയ വേര്‍ഷന്‍ കേറി. ഓ അലാറമാണ് സംഗതി. മണ്ടയ്ക്കിട്ട് ഒരു കിഴുക്കു കൊടുത്തതും അവന്‍ വായ് പൊത്തി റാന്‍ മൂളി. വീണ്ടും പുതപ്പിനടിയിലേക്ക് ഊളിയിടാന്‍ ഒരു ശ്രമം നടത്തുമ്പോള്‍ മാതാശ്രീയുടെ തിരുരൂപം വാതില്‍ക്കല്‍ ഒരു നിഴലായി മിന്നി മറഞ്ഞു. കൈയിലെ വെള്ളത്തില്‍ നിന്ന് ആവി പറക്കുന്നതു കൊണ്ട് 'ചുടുവെള്ളമാകാതെ തരല്യ' എന്ന് നിരീച്ചു. ഉഷാര്‍... പുതപ്പു പറിച്ചെറിഞ്ഞ് അറ്റന്‍ഷനായി.

"പള്ളിച്ചായ കിട്ടിയില്ല.."

മാതാശ്രീ മുഖം വെട്ടിത്തിരിച്ച് ഊട്ടുപുരയിലേക്ക് മറഞ്ഞു. പ്രാതലിന്റെ കൂടെ ചായ കോമ്പന്‍സേറ്റ് ചെയ്യാം എന്ന കാല്‍ക്കുലേഷനില്‍ ഇരിക്കവേയാണ് സതീര്‍ത്ഥ്യന്‍ ഖഡ്‌ഗന്‍(2) ഇന്നലെ പറഞ്ഞ കാര്യം ഓര്‍ത്തത്. പ്രഥമ വര്‍ഷന്മാര്‍/വര്‍ഷിണികള്‍ ഇന്നാദ്യമായി നമ്മുടെ കൊട്ടാരവളപ്പില്‍ കൈകാല്‍ കുത്തുന്നു. പതിവില്ലാത്ത വിധം അന്ന് ഉമിക്കരിയിട്ട് പല്ലു വിളക്കി. തേവാരം പതിവിലും നീണ്ടു. തീര്‍ന്ന താളിയുടെ പുതിയ കുപ്പി കൊണ്ടു വെയ്ക്കാത്തതിന് മാതാശ്രീയെ അകമേ പ്രാകി.

വിളിക്കുന്നതിനു മുമ്പേ ഊട്ടുപുരയില്‍ ആസനസ്ഥനായി. മണമടിച്ചതും, 'ഇന്നും ഇഢ്ഢലിയും സാമ്പാറും തന്നേ എന്റെ പത്മനാഭസ്വാമീ' എന്ന് നിരീച്ച് മനസ്സില്ലാ മനസ്സോടെ ഒരെട്ടെണ്ണം കഷ്ടപ്പെട്ട് ചെലുത്തി. ആനുപാതികമായി സാമ്പാറും അണ്ണാക്കിലേക്ക് കോരിയൊഴിച്ചു.

കൂട്ടത്തില്‍ നാറ്റം കുറഞ്ഞ ഒരു ഡെനിം കാല്‍ശരായിയും, കോളറിലെ അഴുക്ക് വല്യ തരക്കേടില്ല എന്നു തോന്നിയ ഒരു കോട്ടന്‍ കുപ്പായവും അണിഞ്ഞ് അന്തപുരത്തില്‍ നിന്നും ശരവേഗത്തില്‍ നിഷ്‌കാസിതനായി. രാജരഥം പാര്‍ക്കിംഗില്‍ കാത്തിരിക്കുന്നു. ഹോണ്ടയുടെ എഞ്ചിന്‍.. കൂടിയ കുതിരശക്തിയാണത്രെ.. രഥത്തെ തുടകള്‍ക്കിടയിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഒന്നാട്ടിയപ്പോഴാണ് സിലിണ്ടര്‍ നനയാന്‍ പോലും തുള്ളി രക്തം അതിലില്ലെന്ന് മനസ്സിലായത്. പതിവു സീന്‍.. കവാടത്തിലെ ഭൃത്യന്‍ നടന്നു വരുന്നു.

"ഇങ്ങ്ട് വര്യ.."

"വന്നു.."

"എത്രക്കുള്ളതുണ്ട്?"

"ഒരു പത്തു വരാഹന്‍"

"കൊട്ടാര വളപ്പിലെത്താന്‍ അതു മതി"

പത്തെറിഞ്ഞു. ഒരു കൊച്ചു കുപ്പിയില്‍ ജീവരക്തമെത്തി. രാജരഥം വ്യാഘ്രമായി. ഇരുപതേ ഇരുപത് നിമിഷം. കൊട്ടാര വളപ്പിലെ അക്കേഷ്യ മരങ്ങള്‍ കുമാരനെ തലയാട്ടി സ്വീകരിച്ചു. കുമാരന്‍ തലയാട്ടി സ്വീകരണം ഏറ്റുവാങ്ങി.

"SFI Welcomes the New Comers". രണാങ്കണത്തിലെ പുതിയ ലിഖിതമാണ്. ഊഹം തെറ്റിയില്ല. സതീര്‍ത്ഥ്യന്‍ മുന്‍‌നിരയില്‍ നില്‍പ്പുണ്ട്. വെള്ളക്കുപ്പായം, വെള്ളമുണ്ട്, കറുത്ത നിറം. തിരിച്ചറിയാന്‍ പ്രയാസമില്ല. പൌഡറിട്ടു വെളുപ്പിക്കാന്‍ ഒരു വിഫലശ്രമം നടത്തിയോ എന്നൊരു സന്ദേഹമില്ലാതെയില്ല. വേണ്ടായിരുന്നു. കൊട്ടാരത്തിലെ തരുണീമണികള്‍ കണ്ണെഴുതി പൊട്ടു തൊടുന്നത് സതീര്‍ത്ഥ്യന്റെ തൊലിപ്പുറം തൊട്ടാണെന്ന് ആര്‍ക്കാണറിയാത്തത്?

പുതു തരുണീമണികളും മണന്മാരും ഗുമുഗുമാന്ന് ഒഴുകി വരുന്നു. മണന്മാരെ മൈന്റ് ചെയ്യാന്‍ പോയില്ല. കൂട്ടത്തില്‍ ഒരു മാന്‍ മിഴിയാളെ കൈ ഞൊടിച്ച് വിളിച്ചു.

മുട്ടുവിറച്ച് അമ്മ്യാര്‍ ഹാജര്‍ വെച്ചു. കുമാരന്റെ മനസ്സ് പൂങ്കാവനമായി. ഭാവനകള്‍ വിടര്‍ന്ന് പടര്‍ന്ന് പന്തലിച്ചുല്ലസിച്ചു. നോട്ടം മെന്‍സ് ഹോസ്റ്റലിനപ്പുറത്തുള്ള ഒരു മലയിലുറപ്പിച്ച് മൊഴിഞ്ഞു:

"ആ കാണുന്ന പര്‍വതം കാണ്മതായോ ഭവതീ?"

"ഉവ്വ് പ്രഭോ"

"അതിന്മുകളില്‍ ഒരു വൃക്ഷം കാണ്മതായോ?

"ഉവ്വ് പ്രഭോ"

"എങ്കീ യെന്റെ കയ്യീപ്പിടിക്ക് പെണ്ണേ... നമുക്ക് വോടിപ്പോയി അയിന്റെ മൂട്ടീ തൂറിയേച്ചും വരാം!"

"വാട്ട്?!!"

അമ്മ്യാരു കുട്ടി തകര്‍ന്നു തരിപ്പണമായി.. പീസ് പീസായി.

കുമാരന്‍ ബോധം വീണ്ടെടുത്തു.. ഓ ഷിറ്റ്.. രാജരക്തം..

"മനോഹരമായ ആ കുന്നിന്‍ ചെരിവുകളിലെ കാനനച്ചോലയില്‍ തിരുവയറൊഴിക്കാന്‍ നമ്മുടെ കൂടെ എഴുന്നള്ളുന്നോ ഭവതി?"

അമ്മ്യാര്‍ സ്കൂട്ട്. ചുറ്റും നിന്ന മറ്റു തരുണികളുടെ മുഖം A4 സൈസ് വെള്ളക്കടലാസ്. കുമാരന്‍ ആത്മ സംതൃപ്തിയോടെ പുഞ്ചിരിച്ചു. സതീര്‍ത്ഥ്യന്‍ പുറം തട്ടി അഭിനന്ദിച്ചു.

മുന്തിരിക്കുലകള്‍ പോലെ കൂട്ടം കൂട്ടമായി മാന്മിഴിയാളുകള്‍ ഘോഷയാത്ര നടത്തുന്നു. കുലയില്‍ നിന്നും തെറിച്ചു പോയ ഒരു തെറിച്ച ലുക്കുള്ള ഒരുവളാണ് കുമാരന്റെ സന്നിധിയില്‍ പിന്നീട് ഹാജരായത്.

"മോഹിനീ.. നമ്മുടെ പാദദ്വയങ്ങള്‍ക്കിടയില്‍ വിരാജിക്കുന്നത് എന്താണെന്ന് മൊഴിഞ്ഞാലും"

മോഹിനി മാനത്തേക്ക് നോക്കി. കുമാരന്‍ സതീര്‍ത്ഥ്യനേയും. സംഗതിയുടെ കിടപ്പ് മനസ്സിലാക്കിയ സതി ഒരു ക്വിക്ക് ട്രാന്‍സിലേഷനിലൂടെ ആ തിരോന്തരം പയലിന് കാര്യമോതിക്കൊടുത്തു.

"ടീ പെണ്ണേ യീ അണ്ണന്റെ കാലിന്റെടേ കെടക്കെണത് യെന്തരെന്നാണ് അണ്ണന്‍ ച്വാതിച്ചത്"

100 മൈലില്‍ കുതിക്കാന്‍ തുടങ്ങിയ പെണ്ണിനെ കുമാരന്‍ വലം കാല്‍ വെച്ച് വീഴ്ത്തി.

"പറയാന്‍ മടിയെന്തിന് പ്രിയേ, രാജരഥമല്ലേ നമ്മുടെ പാദദ്വയങ്ങള്‍ക്കിടയില്‍?"

സംഭവം ശരിയാണ്. കുമാരന്‍ വന്ന ചേലിക്ക് ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നല്ലോ..

വീണ്ടും ആത്മസംതൃപ്തി, പുഞ്ചിരി, പുറം തട്ടല്‍. അഭിമാനത്തോടെ കുമാരന്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ചു. അതുവഴി പോയ ഒരു പുതു വര്‍ഷന്‍ ആ കാല്‍ തനിക്കുള്ളതാണെന്നു കരുതി അതില്‍ തൊട്ടു വന്ദിച്ചു. ആകെ മൊത്തം സെറ്റപ്പ് കൊള്ളാമെന്ന് കുമാരന്‍ മനസ്സില്‍ പറയുകയുണ്ടായി.

അങ്ങനെ ചെറുമൃഗങ്ങളെ ഒന്നൊന്നായി എയ്തു വീഴ്ത്തി കുമാരന്റെ നായാട്ട് മുന്നേറി. ഗുഡ് ഗോയിംഗ്. ഒരു വിശ്രമം ആവശ്യമല്ലേ എന്ന് സതീര്‍ത്ഥ്യ ഭൃത്യന്‍ ഉണര്‍ത്തിച്ചപ്പോള്‍ അത് ശരിയല്ലേ എന്ന് വര്‍ണ്യത്തിലാശങ്കയാല്‍ തിരുവുള്ളവും വെച്ചു.

കൊട്ടാരത്തിന് താഴെയുള്ള വിശ്രമശാലകളില്‍ പതിവ് ധൂമ്രപാനത്തിനായി കുമാരന്‍ എഴുന്നള്ളി. അനിലന്റെ(3) വിശ്രമശാലയിലേക്ക് കുമാരന്‍ നോക്കിയത് പോലുമില്ല. ചോവനായതു കൊണ്ടല്ല. നോം മുന്നൂറ് വരാഹന്‍ തരാനുണ്ടെന്നാണ് മ്ലേച്ഛന്‍ പറയുന്നത്.. പോകാന്‍ പറ!

അമ്മാവന്റെ(4) വിശ്രമശാലയുടെ അരമതില്‍ക്കെട്ടില്‍ കുന്തിച്ചിരുന്നു ധൂമ്രശകലങ്ങള്‍ വര്‍ത്തുളാകൃതിയില്‍ വിക്ഷേപിച്ചു കൊണ്ടിരുന്നപ്പോഴാണ് അടുത്ത ഇര അന്നനടയായി തലവെച്ചു തന്നത് - പ്രഥമ വര്‍ഷിണി തന്നെ.

"വാ‍രസ്യാരേ.. ഇങ്ങ്ട് വരൂ.."

വന്നു, മൊഴിഞ്ഞു:

"വാരസ്യാരല്ല മ്പ്രാനേ.. ഈഴവി.. തീണ്ടാരി.. അയ്യം!.."

കുമാരന്‍ കോപം കൊണ്ട് ജ്വലിച്ചു. ദെന്‍ എക്സ്പ്ലോഡഡ്.

"ഷട്ടപ്പൈസേ..! നമുക്കെല്ലാ പ്രജകളും ഒരു പോലെയാണെന്നറിയില്ലേ?"

"കല്പിച്ച്.."

"ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?"

"........."

"സഹോദരന്‍ അയ്യപ്പന്‍? ഗുരു നാരായണന്‍? അയ്യങ്കാളി? കേട്ടിട്ടുണ്ടോ? ഉണ്ടോ? ഉണ്ടോ?..."

"ഉണ്ടില്ല മ്പ്രാ.."

"എങ്കീ വാ ഉണ്ണാം... പിതാമഹന്‍ ആശീര്‍വദിച്ച് എത്ര പൊന്‍പണം തന്നു വിട്ടു? ഐ മീന്‍, പോക്കറ്റ് മണി?"

"അണ പൈ ചില്ലറ ചേര്‍ത്ത് ഒരു നൂറു വരാഹന്‍ വരും തമ്പ്രാ.."

"കാര്യമാത്രപ്രസക്തം.. നടക്കിന്‍ ലോര്‍ഡ്‌സ് തീന്‍ശാലയിലേക്ക്.."

കുമാരന്‍ 'ബ്ര..ബ്ര' എന്ന ശബ്ദത്തോടെ കുതിരയെ തെളിച്ചു. കുതിര മുമ്പില്‍, കുമാര-സതീര്‍ത്ഥ്യ സഖ്യം പിമ്പില്‍. സതീര്‍ത്ഥ്യന്‍ മുരടനക്കി. "എന്തിരപ്പീ" എന്ന് കണ്ണുകള്‍ കൊണ്ട് യജമാനന്‍.

"സ്ഥൂല ശരീരിണി. അനുപാതം മഹാമോശം. ഫറോക്ക് രാജ്യത്ത് പോയി ഈര്‍ന്നാല്‍ ഒരു പത്തേമാരി രണ്ടരത്തരം. ബാക്കി കൊഴുപ്പിന് ഒരു ലൈഫ്‌ബോട്ട് വേണോ അതോ..."

"പ്‌സ്‌സ്‌സ്......" കുമാരന്റെ ചുണ്ടും ചൂണ്ടുവിരലും ചേര്‍ന്നു. "പട്ടിണി കിടക്കണോ?"

"വേണ്ടങ്ങുന്നേ.."

"എങ്കില്‍ മിണ്ടാതെ ഉരിയാടാതെ കൂടെ വരിക"

സതീര്‍ത്ഥ്യന്‍ പിന്നെ കമാന്നൊരു ശബ്ദം മിണ്ടിയില്ല. വാ തുറന്നില്ല. പിന്നീട് തുറന്നപ്പോള്‍ പുറത്ത് വന്നത് ഗ്ലക്ക് ഗ്ലുക്ക് തുടങ്ങിയ നീച ശബ്ദങ്ങള്‍. തീന്‍‌മേശ, ചിക്കന്‍ ബിരിയാണി, ബീഫ് കൊത്തുപൊറോട്ട.

***** ***** ***** ***** *****

മഞ്ഞു പോയി, വെയില്‍ വന്നു. കൊട്ടാരത്തില്‍ തെരഞ്ഞെടുപ്പാത്രെ! SFI, ABVP തുടങ്ങിയ മുന്ത്യ ഇനങ്ങളാത്രെ ഇതൊക്കെ കൊണ്ട് പിടിച്ച് നടത്തുന്നത്. കുമാരന്‍ ഇതൊന്നും കാര്യമാക്കാതെ മെക്‍സ് കോര്‍ണറില്‍ മലര്‍ന്നു കിടന്ന് വര്‍ത്തുളാകൃതിയില്‍ ധൂമ്രം വിട്ട് രസിച്ചു. അനിലന്റെ വിശ്രമശാലയിലെ പറ്റ് (എന്നും പറയാം) അപ്‌ഫന്‍ തിരുമനസ്സ് വന്ന് വീട്ടുകയുണ്ടായല്ലോ. പിതാശ്രീ നല്ലവനാണ്. അസാരം പണം കയ്യിലുണ്ടെന്നേയുള്ളൂ. അഞ്ച് വരാഹന്‍ പോക്കറ്റ് മണി തരില്ല.. മുടിഞ്ഞു പോകത്തേയുള്ളൂ.. എന്നാലും പിതാശ്രീ നല്ലവനാണു കേട്ടോ...

കാല്പെരുമാറ്റം. തലയൊന്നു ചെരിക്കേണ്ടി വന്നു. അംഗരാജ്യത്തെ പടയാളികളാണ്.

"ഉം?"

"ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ടായിരുന്നു.."

"എഴുന്നള്ളിക്കൂ.."

"ഞങ്ങള്‍ ഓടക്കുഴല്‍(5) സംഘടനയുടെ മെമ്പ്രേമ്മാരാന്നേ.."

"ആയിക്കോളൂ"

"അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാന കാര്യവാഹിയായി ഞങ്ങള്‍ക്കൊരു സ്ഥാനാര്‍ത്ഥിയെ വേണം"

"വെച്ചോളൂ.."

"അതിന് ഏറ്റവും യോജിച്ചവന്‍ അങ്ങാണെന്നാണ് പൊതുജന പക്ഷം"

കുമാരന്‍ അമര്‍ന്നിരുന്നു. മുഖസ്തുതിയാണ്. ബ്ലഡി ഫൂള്‍സ്. എന്നാലും കേള്‍ക്കാന്‍ സുഖംണ്ട്.

"അതിന്?"

"അങ്ങൊരു ഉം മൂളിയാല്‍ മതി. ബാക്കിയെല്ലാം ഞങ്ങളേറ്റു"

കുമാരന്‍ ആലോചിക്കുന്നതായി അഭിനയിച്ചു. പിന്നെ മൂളി.

"ഊം.."

പ്രചാരണ പരിപാടികള്‍ കലക്കി കട്ടിലൊടിച്ചു. അവസാന ദിവസം 'മീറ്റ് ദ കാന്‍ഡിഡേറ്റ്' എന്ന രസള്ള ഒരൂട്ടം അഭ്യാസം കൂടെയുണ്ട്. കുമാരന്‍ വേദിയില്‍ കയറാന്‍ തയ്യാറായി നിന്നു. ഒരു കറുപ്പു നിറം ഓടിക്കിതച്ചു വന്നു നിന്നു. സതീര്‍ത്ഥ്യനാണ്. എന്തെന്നു കണ്ണുകള്‍ കൊണ്ട് യജമാന്‍.

"തിട്ടൂരം അങ്ങുന്നേ.."

"ആര് കല്പിച്ചരുളിയത്?"

"ഡീന്‍"

"അപ്പോള്‍ കത്തി വേഷമാണ്. വിഷയം ചൊല്‍‌ക"

"അങ്ങുന്ന് വേദിയില്‍ കയറരുതെന്ന്.."

"അടിസ്ഥാനം?"

"മുമ്പ് മേടിച്ചു കൂട്ടിയ മൂന്ന് സസ്പെന്‍ഷന്‍"

കോമ്പ്ലിക്കേറ്റഡ് ആണല്ലോ ശ്രീ പത്മനാഭാ.. കുമാരന്‍ ചിന്തിച്ചു. ചിന്തിച്ചു ചിന്തിച്ചു തലയില്‍ പുകയുയര്‍ന്നു. ആ തീ കെടുത്താന്‍ ചന്നം പിന്നം ചന്നം പിന്നം മഴ ചാറി.

"സതീര്‍ത്ഥ്"

"യെസ്സാര്‍"

"ഇഞ്ച കിട്ടുമോ?"

"ഇഞ്ചി കിട്ടും. ഹോസ്റ്റല്‍ മെസ്സില്‍ ചെന്നാല്‍"

എങ്കില്‍ അത് കടിച്ച് നീ ഇവിടെ കുന്തിച്ചിരിക്യ"

രാജരഥം ഉരുണ്ടു. ഹോസ്റ്റലില്‍ ചെന്നു നിന്നു. ആദ്യം കണ്ട മുറിയില്‍ ഇടിച്ചു കയറി. അലമാര തുറന്നു ആസകലം ഒരു വീക്ഷണം നടത്തി. ഇഞ്ചയില്ല. ബ്ലേഡു പരുവത്തില്‍ ഒരു സോപ്പുണ്ട്. മതി. അയയില്‍ കിടക്കുന്ന നിറയെ തുളകളുള്ള നരച്ച ആ സാധനത്തിന് തോര്‍ത്തെന്നാണോ പറയുക? എങ്കില്‍ അതും പോരട്ടെ ഒരെണ്ണം.

മഴ തിമിര്‍ക്കുന്നു. തുള്ളിക്കൊരു കുടം പേമാരി.. തുള്ളിയൊഴുകും പേമാരി.. വേദിയില്‍ പ്രസംഗം തകര്‍ക്കുന്നു. 'ഡിസ്റ്റില്‍ഡ് ഗോജില്‍ബ(6)'യുടെ കലാസംഘടനാ കാര്യ വാഹക സ്ഥാനാര്‍ത്ഥി ഫാദര്‍ നിന്നൂക്കന്‍. എന്തരോ ആവട്ട്.

കുമാരന്‍ വേദിയുടെ പുറകിലെത്തി. കുപ്പായവും കാല്‍ശരായിയുമുരിഞ്ഞ് പട്ടിക്കിട്ടു കൊടുത്തു. തോര്‍ത്തു മുണ്ടുടുത്തു. വേദിയുടെ മുകളിലേക്ക് മതിലിലൂടെ വലിഞ്ഞു കയറി. കഠിനം തന്നയ്യപ്പാ എന്ന് മനസ്സില്‍ മൊഴിഞ്ഞു. ഒടുവില്‍ കൊട്ടാരവളപ്പില്‍ തടിച്ചു കൂടിയ ആബാലവൃദ്ധം ജനങ്ങള്‍ ആ കാഴ്ച കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടഞ്ഞു. പിറന്ന പടി പ്ലസ് ഒരു തോര്‍ത്തു മുണ്ടുമായി നമ്മുടെ കുമാരന്‍ സോപ്പു തേച്ച് പതപ്പിച്ച് മഴയില്‍ അര്‍മാദിച്ചു കുളിക്കുന്നു!

പെണ്‍പട ചിതറിയോടി നെയ്യാര്‍ ഡാം കടന്നു. വേദിയുടെ മുമ്പില്‍ ഇരുന്ന ഡീന്‍ വേഷം മണ്ണിലേക്ക് നോക്കി. ക്ടാങ്ങളും ക്ടാത്തികളും കാലാകാലങ്ങളായി ഓടിക്കളിച്ച് ചവിട്ടിയുറപ്പിച്ച മണ്ണാണിത്. പിളര്‍ന്ന് താഴേക്ക് പോകാന്‍ വല്യ വകുപ്പൊന്നും കാണുന്നില്ല. പിന്നെ മുകളിലേക്ക് നോക്കി. കണക്കില്‍ അഗ്രഗണ്യനായ ഡീനദ്യേം പെട്ടെന്ന് മിന്നല്‍ കാല്‍ക്കുലേഷന്‍ നടത്തി. വേദിയുടെ ഉയരം 5 മീറ്റര്‍. അതിന് മുകളില്‍ നില്‍ക്കുന്ന ആ എരണം കെട്ടവനേയും ചേര്‍ത്ത് ഒരു ആറേ മുക്കാല്‍ മീറ്റര്‍. തൊട്ടിപ്രത്തുള്ള മെയിന്‍ ബ്ലോക്ക് 15 മീറ്റര്‍. പി ജി ബ്ലോക്ക് അതിനേക്കാളും ഉയരം കാണും; വിത്ത് മിന്നല്‍ രക്ഷാ ചാലകം. ഇവനെ ഒന്ന് ഇടി വെട്ടിച്ച് കൊല്ലാനും സ്കോപ്പില്ലല്ലോ എന്റെ വേളാങ്കണ്ണി മദറേ...

ഏതായാലും പിറ്റേന്ന് കുമാരനെ കമ്പിയടിച്ച് വിളിപ്പിച്ചു. ഇത്തവണ പ്രിന്‍സിപ്പലാണ്(7). സ്ത്രീ വേഷം. പുതിയ ആളാണ്. കീഴ്‌വഴക്കമനുസരിച്ച് കുമാരനെ ഇങ്ങോട്ട് വന്ന് കാണേണ്ടതാണ്. ആ പോട്ട്. നാടുവാഴിത്തമൊക്കെ മാറി ജനാധിപത്യം വരാന്‍ പോണു എന്നല്ലേ കമ്യൂണിസ്റ്റുകാരു പറയുന്നത്.

സ്ത്രീ വേഷത്തിന്റെ മുറിയുടെ മുന്‍വശം ബോര്‍ഡ് വെച്ചിട്ടുണ്ട്. പേരിന്റെ വാലറ്റം കുമാരന് ക്ഷ അങ്ങട് ബോദ്ധ്യായി. 'തമ്പുരാന്‍'. കൂട്ട്യാക്കൂടും. എങ്കിലും വിനയം വിടരുതല്ലോ. കുനിഞ്ഞ് നിന്ന് അകത്ത് പ്രവേശിച്ചു. കത്തിവേഷമല്ല; എന്നാലൊട്ടു പച്ചയുമല്ല. "ഇരിക്യ" എന്നായി വേഷം.

ഇരുന്നു.

"ഇന്നലത്തെ കലാപരിപാടി ബോധപൂര്‍വം ചെയ്തതാണോ?"

"എന്ന്വച്ചാല്‍?"

"എന്ന്വച്ചാല്‍ നീരാട്ടിനു മുമ്പേ സുരപാനം നടത്തിയിരുന്നോ എന്ന് സാരം"

"ഛായ്.. നോം മദ്യം കൈ കൊണ്ട് പോലും സ്പര്‍ശിക്കാറില്ല" (കുപ്പിയോടെ വിഴുങ്ങാറേ ഉള്ളെന്ന് ആത്മഗതം)

"ഏതായാലും ഇത്രടം വന്നതല്ലേ.. ഇത് വെച്ചോളൂ.."

കവര്‍ വാങ്ങി ഇരു കണ്ണിലും ചേര്‍ത്തു. തുറന്നു നോക്കി. പ്രതീക്ഷിച്ചതു തന്നെ. സസ്പെന്‍ഷന്‍ ഉത്തരവ്.

"തുടര്‍ച്ചയായി നാലാം വട്ടം വാങ്ങിയത് കൊണ്ട് പ്രിവിലെജ്‌ഡ് കസ്റ്റമര്‍ പദവി വല്ലതും കല്പിച്ചരുളിയിട്ടുണ്ടോ ആവോ?"

"ഉണ്ടല്ലോ.. മേമ്പൊടിക്ക് ഒരു ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്"

"സന്തോയം"

"ആരാന്നറിയണ്ടേ?"

"യെവരു?"

"ഡീന്‍. അദ്ദേഹത്തിന് അവിടുത്തോട് അദമ്യമായ പ്രേമമാണെന്നറിഞ്ഞു"

"ഒള്ളതു തന്നെ"

"അവിടുന്ന് ഡീനദ്ദേഹത്തെ 'കുരങ്ങു മോറന്‍' തുടങ്ങിയ അസംസ്കൃത പദങ്ങള്‍ കൊണ്ട് അഭിസംബോധന ചെയ്യുകയുണ്ടായെന്ന് നോമറിഞ്ഞു?"

"അസത്യം. അദ്ദേഹത്തിന്റെ രൂപലാവണ്യം നരവംശ ശാസ്ത്രജ്ഞര്‍ക്ക് പരിണാമ സിദ്ധാന്തത്തെ പറ്റി പഠിക്കാന്‍ ഉതകും എന്നു മാത്രമേ നോം അരുളിയുള്ളൂ. ബൈ ദ ബൈ ഏതെങ്കിലും കുരങ്ങുകള്‍ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയുണ്ടായോ?"

അതിന് മറുപടിയായി അവിടുന്ന് വിടവാങ്ങിയാലും എന്നുള്ളതിന്റെ ഒരു സ്കാന്‍ഡിനേവിയന്‍ പദപ്രയോഗം കേട്ട് കുമാരന് തിരിച്ചു പോരേണ്ടി വന്നു.

അച്ഛന്‍ തിരുമനസ്സിന് ഒരു വട്ടം കൂടി കൊട്ടാരം സന്ദര്‍ശിക്കേണ്ടതായി വന്നു. പിന്നെ സുഖമായിരുന്നു. ഒരു മാസത്തെ വിശ്രമ ചികിത്സ.

കുമാരന്‍ ഒരു വട്ടം കൂടി അവസാന വര്‍ഷ പരീക്ഷ എഴുതി. അടുത്ത വര്‍ഷം ചെയ്യേണ്ട കലാപരിപാടികള്‍ ആസൂത്രണം ചെയ്ത് ചപ്രമഞ്ചക്കട്ടില്‍ കിടക്കവേ.. തുള്ളിച്ചാടിക്കൊണ്ട് ഒരു പത്രവുമായി മാതാശ്രീ വന്നു.

"പുത്രാ.. നീ ഒടുവില്‍ ഇഞ്ചിനീരായിരിക്കുന്നു!"

കുമാരന്‍ നടുങ്ങി! അസാധ്യം! ഉത്തരക്കടലാസില്‍ റോള്‍ നമ്പര്‍ മാതം എഴുതിയാല്‍ എങ്ങനെ ജയിക്കും?? തലങ്ങും വിലങ്ങും ആലോചിച്ചു.. ഒടുവില്‍ രഹസ്യാന്വേഷണക്കമ്മീഷന്റെ ഉപാധ്യക്ഷനായ സതീര്‍ത്ഥ്യന്‍ തന്നെ രഹസ്യ വാര്‍ത്ത കൊണ്ടു വന്നു.

പ്രിന്‍സിപ്പലും ഡീനും ചേര്‍ന്ന് യൂണിവേഴ്സിറ്റിക്കെഴുതിയിരുന്നുവത്രേ.. ഈ വര്‍ഷമെങ്കിലും ഈ മുതലിനെ ഇവിടുന്ന് ഒന്ന് ഇറക്കി വിടാന്‍!!


************ **************** ****************** ***************** ******************

അനുബന്ധം:

(1) വാല്‍ട്യൂബ് എന്ന പേരിലറിയപ്പെട്ട ഈ അപാര ജന്മത്തെപ്പറ്റി അറിയാത്ത പുതു CETA അംഗങ്ങള്‍ കുറവായിരിക്കും. മാത്യു ജോസഫ് എന്നാണ് ശാസ്ത്രീയ നാമം. 1993 - 2001 കാലഘട്ടങ്ങളില്‍ CET വനാന്തരങ്ങളില്‍ ജീവിച്ചിരുന്നതിന് തെളിവുകളുണ്ടെങ്കിലും കൃത്യമായ പഠനകാലം രേഖപ്പെടുത്തുന്നതില്‍ ചരിത്രകാരന്മാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. '98 ലോ മറ്റോ പാസൌട്ടാ‍കേണ്ടതാണെങ്കിലും ദൈവാനുഗ്രഹത്താല്‍ അതുണ്ടായില്ല. അതു കൊണ്ട് ഞങ്ങള്‍ക്കൊക്കെ ആ പുണ്യ ജന്മത്തെ കാണാനും കാല്‍ തൊട്ടു വന്ദിക്കാനും സാധിച്ചു. വ്യാഘ്രം എന്നല്ല; വ്യവ്യാഘ്രം(പുപ്പുലി) എന്നു വിളിക്കേണ്ട ഒരിനം. അസാരം കുരുത്തക്കേടുകള്‍ ഒപ്പിച്ചിരിക്കുന്നൂ ഈ വിദ്വാന്‍. ഒരു പക്ഷേ കുരുത്തക്കേടുകളുടെ പേരില്‍ പത്രത്തില്‍ ഒരു കാല്‍പ്പേജ് ഫീച്ചര്‍ വന്ന ആദ്യത്തെ CET ക്കാരനും ഇദ്ദേം തന്ന്യാവണം. അസാമാന്യ രസികന്‍. പൊതുവെ നിരുപദ്രവകാരി. കാട്ടുപോത്തിന്റെ തോല്‍.

(2) വാള്‍ അഥവ ഖഡ്‌ഗന്‍. പ്രവീണ്‍ എന്നാണ് തന്തയിട്ട പേര്. വാല്‍ട്യൂബിന്റെ കാലത്തു തന്നെ CET യില്‍ ജീവിച്ചിരുന്നു. '98 ല്‍ പാസൌട്ടാകേണ്ടതാണെങ്കിലും ട്യൂബിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കോളേജില്‍ പിടിച്ചു നിന്നു. അസാമാന്യ ധൈര്യം. കരിവീട്ടി നിറം. ടാര്‍ വീപ്പയുടെ ആകൃതി. ചിരട്ട റോഡില്‍ ഉരയ്കുന്ന ശബ്ദസൌകുമാര്യം. ഹെര്‍ക്കുലീസ് സൈക്കിള്‍ രഥത്തില്‍ സദാ സവാരി. വിഷയ തല്പരന്‍. അധ്യാപകരെ വട്ടം ചുറ്റിക്കുന്നതില്‍ വാല്‍ട്യൂബിനേക്കാള്‍ വേന്ദ്രന്‍.

(3) മുറുക്കാന്‍-സിഗരറ്റ്-പാന്‍പരാഗ് കട നടത്തുന്ന നുമ്മടെ സ്വന്തം അനിയണ്ണന്‍. ഇപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി കാര്യവട്ടം ക്യാം‌പസില്‍ പെട്ടിക്കടയിട്ടെന്ന് കേള്‍ക്കുന്നു.

(4) വേറൊരു മുറുക്കാന്‍ കട ഓണര്‍. ഈയടുത്ത് മരിച്ചു പോയി. ഇപ്പോള്‍ മരുമകന്‍ ദ പ്വാലീസ് കോണ്‍സ്റ്റബിള്‍ ആണ് കടയുടെ ഇന്‍ ചാര്‍ജ്.

(5) ഫ്ലൂട്ട്സ് എന്ന ബഹുജന വിദ്യാര്‍ത്ഥി പ്രസ്ഥാനം. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കിങ്കരന്മാരാണ് പുറകിലെ തലച്ചോര്‍. ഒരു നേരമ്പോക്കിനുള്ള വക ഇവന്മാര്‍ ഒപ്പിച്ചു കൊണ്ടു വരും.

(6) ഡിസ്റ്റില്‍ഡ് ഗോജില്‍ബ. ഫ്ലൂട്ട്സിനെ ചെറുക്കാന്‍ വേണ്ടി ഞങ്ങള്‍ യുവ കിങ്കരന്മാര്‍ ചേര്‍ന്നു സ്ഥാപിച്ച സംഘടന. രണ്ടു വര്‍ഷം കൊണ്ട് അകാല ചരമം പ്രാപിച്ചു. 'സ്റ്റിമ്പി സ്റ്റിമ്പി സ്റ്റുനാ സ്റ്റുനാ' തുടങ്ങിയ പ്രശസ്ത മുദ്രാവാക്യങ്ങള്‍ ഇവരുടേതാകുന്നു. ഇതിന്റെ സ്ഥാപകനേതാക്കളില്‍ പലരും ഇപ്പോള്‍ ദുബായിലുണ്ട്. ജാഗ്രതൈ!

(7) അന്നത്തെ ഞങ്ങടെ പ്രിന്‍സിപ്പല്‍ - ആശാലത തമ്പുരാന്‍. പൂര്‍വ CET വിദ്യാര്‍ത്ഥിനി. ഞങ്ങളെ ഒരു പാട് ഓടിച്ചിട്ടുണ്ട് ആയമ്മ! ഇപ്പോള്‍ തിരുവനന്തപുരത്തു തന്നെ മറ്റൊരു കോളേജിന്റെ പ്രിന്‍സിപ്പല്‍ (അതോ ഡയറക്ടറോ?)