Saturday, 11 July 2009
വീണ്ടും ലാന്‍സ്..
ലാന്‍സ് ആംസ്ട്രോംഗ് പലര്‍ക്കും ഒരത്ഭുതമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസം. ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ പിടിയിലകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ഒരു കാലഘട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. കടുത്ത പാര്‍ശ്വഫലങ്ങളുള്ള കീമോ തെറാപ്പിയിലൂടെ മരണത്തെ അതിജീവിച്ച് അദ്ദേഹം തന്റെ തട്ടകമായ സൈക്ലിംഗില്‍ തിരിച്ചെത്തി. എന്നു മാത്രമല്ല; സൈക്ലിംഗ് രംഗത്തെ ഏറ്റവും പ്രശസ്തമായ റേസ് ആയി കരുതപ്പെടുന്ന ടൂര്‍ ഡെ ഫ്രാന്‍സ് ഏഴു വട്ടം തുടര്‍ച്ചയായി ജയിച്ചു കൊണ്ട് ലോക റെക്കാര്‍ഡും സ്ഥാപിച്ചു.
1971 ല്‍ അമേരിക്കയിലെ ഓക്ക് ക്ലിഫിലാണ് ലാന്‍സിന്റെ ജനനം. ഒരു ട്രയാത്‌ലെറ്റ് ആയാണ് ലാന്‍സ് കരിയര്‍ ആരംഭിക്കുന്നത്. 13ആം വയസ്സില്‍ തന്നെ മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളില്‍ കിരീടം ചൂടി ജനശ്രദ്ധ പിടിച്ചു പറ്റിയ ലാന്‍സ് അധികം കാലതാമസമില്ലാതെ അണ്ടര്‍ 19 റാങ്കിംഗില്‍ ഒന്നാമതെത്തി. 1991 ല്‍ യു.എസ്. അമച്വര്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് സൈക്ലിംഗില്‍ അദ്ദേഹം തന്റെ ഭാവി തിരിച്ചറിഞ്ഞത്. അധികം താമസിയാതെ 1993 ല്‍ തന്നെ ലോക ഒന്നാം നമ്പര്‍ താരമായി അദ്ദേഹം വളര്‍ന്നു. പിന്നീടങ്ങോട്ട് വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയ ലാന്‍സിന്റെ വിജയക്കുതിപ്പ് അവിശ്വസനീയമായിരുന്നു.
1996 ല്‍തന്റെ കരിയറിലും ജീവിതത്തില്‍ തന്നെയും ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തിയ ക്യാന്‍സര്‍ രോഗം അദ്ദേഹത്തെ പിടികൂടി. ക്യാന്‍സറുണ്ടെന്ന് മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. മരിച്ചു പോകുമോ എന്നതിനേക്കാള്‍ സൈക്ലിംഗ് ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം. പിന്നീടങ്ങോട്ട് യാതനകള്‍ നിറഞ്ഞ ദിവസങ്ങളായിരുന്നു. ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ ഏറ്റവും ഒടുവിലെ സ്റ്റേജിലെത്തിയ അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ വെറും 3% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. ശ്വാസകോശത്തെയും പിന്നീട് തലച്ചോറിനെയും ബാധിച്ച ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റുക എന്നതു തന്നെ ആ ഡോക്ടര്‍മാര്‍ക്ക് സങ്കല്‍പ്പിക്കുവാനാവുമായിരുന്നില്ല. ലാന്‍സ് അതു കൊണ്ടൊന്നും തളര്‍ന്നില്ല. മനസാന്നിദ്ധ്യം കൈവിടാതെ രോഗത്തെ പൊരുതി തോല്‍പ്പിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. കടുത്ത കീമോതെറാപ്പിയുടെയും ശസ്ത്രക്രിയകളുടെയും ദിവസങ്ങളായിരുന്നു പിന്നീട്. ആരോഗ്യം അപകടകരമാം വിധം ക്ഷയിച്ചു. തലമുടി മുഴുവന്‍ കൊഴിഞ്ഞു പോയി. മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയ്ക്കൊടുവില്‍ ലാന്‍സ് തന്നെ ജയിച്ചു.
ക്യാന്‍സര്‍ പൂര്‍ണ്ണമായും വിട്ടുമാറിയെങ്കിലും വീണ്ടുമൊരു സൈക്ലിംഗ് കരിയറിനെ പറ്റി ലാന്‍സിന് ചിന്തിക്കാനാവുമായിരുന്നില്ല. ക്യാന്‍സര്‍ ചികിത്സ അദ്ദേഹത്തെ അത്രയ്ക്കും അവശനാക്കിയിരുന്നു. എന്നാല്‍ പഴയ സഹപ്രവര്‍ത്തകരുടെയും, കോച്ചിന്റെയും സഹായത്തോടെ ലാന്‍സ് പ്രൊഫെഷണല്‍ സൈക്ലിംഗിലേക്ക് 1998 ല്‍ തിരിച്ചു വന്നു. സൈക്ലിംഗില്‍ യൂറോപ്യന്‍ ആധിപത്യമുള്ള സമയമായിരുന്നു അത്. അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ് ടീമിനു വേണ്ടി മത്സരിച്ച ലാന്‍സിനെയും കൂട്ടരെയും ആരും ആദ്യം ഗൌനിച്ചതു പോലുമില്ല. എന്നാല്‍ 1999 ല്‍ തന്നെ പ്രശസ്തമായ ടൂര്‍ ഡെ ഫ്രാന്‍സില്‍ ലാന്‍സിന്റെ നേതൃത്വത്തില്‍ യു.എസ് പോസ്റ്റല്‍ കിരീടം ചൂടി. സൈക്ലിംഗ് ലോകം ഒന്നടങ്കം എഴുതിത്തള്ളിയ ലാന്‍സിന്റെ തിരിച്ചു വരവ് എല്ലാവരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. അദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിക്കുന്നു എന്നു വരെ ആരോപണം വന്നു. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് വീണ്ടും 6 ടൂര്‍ ഡെ ഫ്രാന്‍സ് കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിക്കൊണ്ട് അദ്ദേഹം ലോക റെക്കാര്‍ഡ് സ്ഥാപിച്ചു.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, ചികിത്സയിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു ക്യാന്‍സര്‍ ഫൌണ്ടേഷന്‍ (ലാന്‍സ് ആംസ്ട്രോംഗ് ഫൌണ്ടേഷന്‍) സ്ഥാപിക്കുകയും, അമേരിക്കയിലെമ്പാടുമുള്ള ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ധനവും മറ്റു ചികിത്സാ സൌകര്യങ്ങളും സംഘടിപ്പിക്കുന്നതില്‍ താല്പര്യം കാണിക്കുകയും ചെയ്തു എന്നുള്ളതാണ്.
2005 ല്‍ ടൂര്‍ ഡെ ഫ്രാന്‍സിനോട് വിട പറഞ്ഞ ലാന്‍സ് പിന്നീട് പല മത്സരങ്ങളിലും പങ്കെടുത്ത് കിരീടങ്ങള്‍ നേടിയെങ്കിലും, സൈക്ലിംഗ് രംഗത്ത് ഒരു സജീവ സാന്നിദ്ധ്യമായില്ല. അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്ന് പലരു കരുതിയെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടൂര്‍ ഡെ ഫ്രാന്‍സില്‍ അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നു. മാത്രമല്ല; 9 സ്റ്റേജ് കഴിഞ്ഞപ്പോള്‍ അദ്ദേഹം മൂന്നാം സ്ഥാനത്ത് തുടരുകയുമാണ്. ഒന്നാം സ്ഥാനത്തുള്ള റിനാള്‍ഡോയേക്കാള്‍ വെറും 8 സെക്കന്റിന്റെ വ്യത്യാസത്തില്‍ ! ഇത്തവണ കസാക്കിസ്താന്‍ ആസ്ഥാനമായുള്ളാ യു.സി.ഐ. പ്രോ ടീം ആസ്റ്റാനയ്ക്കു വേണ്ടിയാണ് അദ്ദേഹം രംഗത്തുള്ളത്. 19 സ്റ്റേജും 4000 ത്തോളം കിലോമീറ്ററും മറികടക്കേണ്ട ടൂര്‍ അവസാനിക്കുമ്പോഴേക്കും ഒരിക്കലും തളരാത്ത മനസാന്നിദ്ധ്യത്തിന്റെ ഉടമയായ ലാന്‍സ് കിരീടം ചൂടുമെന്ന് പ്രതീക്ഷിക്കാം..
Subscribe to:
Post Comments (Atom)
1 comment:
'It's not about bike - My journey back to life' എന്ന തന്റെ ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പുസ്തകത്തില്‍ ലാന്‍സ് പ്രതിപാദിച്ചിരിക്കുന്നത് തന്റെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെപ്പറ്റിയാണ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.. സൈക്ലിംഗിനെയും ലാന്‍സിനെയും അറിയാത്തവര്‍ക്കു പോലും.
Post a Comment